ക്ഷേത്ര പ്രവേശന വിളംബരം വ്യത്യസ്താഭിപ്രായം

 🤞🖐️ 

*ബ്രാഹ്മണർ ശ്രദ്ധിക്കുക. നിങ്ങളെ പ്രതിയാക്കിക്കൊണ്ടുള്ള പ്രസംഗങ്ങളുടേയും ലേഖനങ്ങളുടേയും ഘോഷയാത്ര വരാൻ പോകുന്നു.* 


  വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം വരുകയാണ്. കാഹള ധ്വനികൾ മുഴങ്ങിക്കഴിഞ്ഞു.

അവർണ്ണരുടെ ക്ഷേത്ര പ്രവേശനം തടഞ്ഞത് ബ്രാഹ്മണരായിരുന്നു എന്ന തരത്തിൽ പ്രചാരണം നടത്തി ബ്രാഹ്മണരെ മാത്രം പ്രതിയാക്കിക്കൊണ്ടും ബാക്കിയുളള സവർണ്ണരെ മുഴുവൻ മാപ്പ് സാക്ഷിയാക്കി മാറ്റിക്കൊണ്ടുമുള്ള ലേഖനങ്ങളായിരിക്കും ഇനി ഒരു വർഷത്തേക്ക് വരാൻ പോകുക . 

ക്ഷേത്ര പൂജ ഉപജീവനമായി സ്വീകരിച്ച ബ്രാഹ്മണ പൂജാരിമാരെയൊക്കെ വില്ലന്മാർ എന്ന രീതിയിൽ കാണാൻ ഭക്തജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരിക്കും മിക്കവാറും ലേഖനങ്ങൾ .

നിങ്ങളൊക്കെ പണ്ട് ഞങ്ങളെ ക്ഷേത്രത്തിൽ കയറ്റാതെ തടഞ്ഞവരല്ലേ എന്ന ചോദ്യം ബ്രാഹ്മണർക്ക് നേരേ വന്നാൽ അതിന് മറുപടി പറയാൻ നമുക്ക് ബാധ്യതയുണ്ട്. ആകയാൽ താഴെ പറയുന്ന ചരിത്ര ഭാഗങ്ങൾ ചെറുതായി ഒന്ന് അറിയുന്നത് നന്നായിരിക്കും.


വൈക്കം ക്ഷേത്രത്തിന് നാലു വശത്തുമുള്ള വഴിയിൽക്കൂടി അവർണ്ണർക്ക് യാത്ര ചെയ്യാൻ പണ്ട് അനുമതി ഇല്ലായിരുന്നു. ഇത് നേടിയെടുക്കാനുള്ള സമര പരിപാടികളെയാണ് മൊത്തത്തിൽ വൈക്കം സത്യാഗ്രഹം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.


 വൈക്കത്ത് ഉദയനാപുരത്തുള്ള *ഇണ്ടൻ തുരുത്തി മനയിലെ ദേവൻ നീലകണ്ഠൻ നമ്പ്യാതിരിയെ* മുഖ്യപ്രതി സ്ഥാനത്ത് നിർത്തിക്കൊണ്ട് കേരളത്തിലെ നമ്പൂതിരിമാർ മുഴുവൻ അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തിനും ക്ഷേത്ര സമീപത്തു കൂടിയുള്ള വഴി നടപ്പിനും എതിരായിരുന്നു എന്ന രീതിയിലായിരിക്കും എല്ലാ പ്രചാരണങ്ങളും വരാൻ പോകുന്നത്. 

യഥാർത്ഥത്തിൽ ആരൊക്കെയായിരുന്നോ അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തെ എതിർത്തവർ അവരെയൊന്നും തന്നെ ലേഖനങ്ങളിൽ പ്രതിസ്ഥാനത്ത് കാണാൻ സാധിക്കില്ല. എന്നാൽ നമ്പൂതിരിമാർ മൊത്തത്തിൽ ഈ സ്ഥാനത്ത് ഉണ്ടാകും എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണ്ടതാണ്. 


    *യഥാർത്ഥത്തിൽ നമ്പൂതിരിമാർ അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തിന് എതിരായിരുന്നോ* ?


ഒരിക്കലുമല്ല. ബഹുഭൂരിപക്ഷം നമ്പൂതിരിമാരും ഇതിന് അനുകൂലമായിരുന്നു എന്നുള്ളതാണ് വാസ്തവം. എന്നാൽ നമ്പൂതിരിമാരെയാണ് ഇപ്പോഴും പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത് എന്നതാണ് സത്യം. വില്ലന്മാരുടെ നേതാവായിട്ടാണെങ്കിലോ  ഇണ്ടൻ തുരുത്തി നമ്പ്യാതിരിയേയും നിർത്തിയിരിക്കുന്നു.


 വൈശ്യനായ ഗാന്ധിജിയെപ്പോലും മുറ്റത്തിരുത്തി ചർച്ച നയിച്ച വർണ്ണവെറിയൻ എന്നൊക്കെ പേരു വീണ ഇണ്ടൻ തുരുത്തി നമ്പ്യാതിരി യഥാർത്ഥത്തിൽ വില്ലനായിരുന്നോ ? 


അല്ലേ അല്ല എന്നാണ് ഉത്തരം.


അങ്ങനെയെങ്കിൽ എന്തിനാണ് അദ്ദേഹം ഇക്കാര്യത്തിൽ  ഗാന്ധിജിയുമായി വാദപ്രതിവാദത്തിൽ ഏർപ്പെട്ടത് ?


ഉത്തരം പറയാം. ക്ഷമയോടെ കേൾക്കണം. അതിനു മുമ്പായി മറ്റ് ചില കാര്യങ്ങൾ കൂടി അറിയണം.  അക്കാലത്ത് പ്രധാന ക്ഷേത്രങ്ങൾ എല്ലാം ഭരിച്ചിരുന്നത് യഥാർത്ഥത്തിൽ തിരുവിതാംകൂർ സർക്കാർ തന്നെ ആയിരുന്നു. 1815 ഓടു കൂടി  മൺറോ സായിപ്പ് തിരുവിതാംകൂറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ എല്ലാം പിടിച്ചെടുത്തിരുന്നു. അതിന് ശേഷം ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും തിരുവിതാംകൂർ സർക്കാരിൽ നിക്ഷിപ്തമായിരുന്നു. സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ ക്ഷേത്ര പ്രവേശനം നടക്കുമായിരുന്നു. പക്ഷേ സർക്കാർ അതിന് തയ്യാറായിരുന്നില്ല. 


 വൈക്കം ക്ഷേത്രത്തിന്റെ  ഊരായ്മ സ്ഥാനം പണ്ട് ഇണ്ടൻ തുരുത്തി നമ്പ്യാതിരി മാർക്ക് ആയിരുന്നു. സത്യാഗ്രഹ സമയത്ത് മനയ്ക്കലെ കാരണവർ ദേവൻ നീലകണ്ഠൻ നമ്പ്യാതിരി ആയിരുന്നു. വേദ വേദാന്ത സ്മൃതി പണ്ഡിതനും സംസ്കൃത പണ്ഡിതനുമൊക്കെയായിരുന്നു അദ്ദേഹം. ഊരാളൻ എന്നതിൽ കവിഞ്ഞ് ക്ഷേത്ര കാര്യങ്ങളിൽ യാതൊരു അധികാരവും അന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മാത്രമല്ല അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തിന് എതിര് നിൽക്കുന്ന സംഘത്തിലും നമ്പ്യാതിരി ഉണ്ടായിരുന്നില്ല. 

മുഴുവൻ ഭരണവും രാജാവിന്റെ കീഴിലെ റവന്യൂ അധികാരികൾക്കായിരുന്നു. ആകയാൽ അവർണ്ണർ വഴി നടക്കാൻ എത്തിയാൽ തിരുവിതാംകൂർ പട്ടാളമായിരുന്നു അവർണ്ണരെ തടഞ്ഞിരുന്നത്. അല്ലാതെ നമ്പ്യാതിരിയുടെ ആൾക്കാർ ആയിരുന്നില്ല.


   അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ചിരുന്നവർ ഒരു ബലപ്രയോഗത്തിലൂടെ തന്നെ ക്ഷേത്രത്തിൽ കയറണമെന്ന നിലപാടിലായിരുന്നു. എന്നാൽ ഗാന്ധിജി ഇതിന് എതിരായിരുന്നു. മറുപക്ഷവുമായി നേരിട്ട് ഒരു സംഘട്ടനത്തിന് പോകാതെ ചർച്ച നടത്തി മാത്രമേ പ്രശ്നപരിഹാരത്തിന് ശ്രമിക്കാവൂ എന്ന് അദ്ദേഹം നിർബന്ധം പിടിച്ചു . അങ്ങനെയാണ് ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.


ഈ സമയത്ത് ക്ഷേത്ര പ്രവേശനത്തെ എതിർത്തിരുന്നവർ തങ്ങളുടെ വാദഗതികൾ ഗാന്ധിയെ അറിയിക്കാനായും അവർക്കു വേണ്ടി വാദിക്കാനായും നേതൃസ്ഥാനത്ത് ഒരു വക്കീലിനെപ്പോലെ അങ്ങ് നിൽക്കണമെന്നും അപേക്ഷിച്ചു കൊണ്ട് പണ്ഡിതനായ ഇണ്ടൻ തുരുത്തി നമ്പ്യാതിരിയെ സമീപ്പിച്ചു. അദ്ദേഹം സമ്മതിച്ചു. എന്നാൽ പുറത്ത് പോയി ചർച്ചകൾ നടത്താൻ അദ്ദേഹം തയ്യാറല്ല എന്നറിയിച്ചു . അങ്ങനെയാണ് മനയുടെ മുറ്റത്ത് തന്നെ ചർച്ചയ്ക്ക് വേദി ഒരുങ്ങിയത്. വലിയ ഒരു ജനക്കൂട്ടത്തിന് ചർച്ച കാണാനായി മനയുടെ മുന്നിൽ പന്തലിട്ട് അതിൽ ഗാന്ധിജിയെ ഇരുത്തി അദ്ദേഹം പൂമുഖത്തും ഇരുന്ന് ചർച്ച നടത്തി.


നമ്പ്യാതിരി സ്മൃതികൾ ഉദ്ധരിച്ച് നടത്തിയ വാദമുഖങ്ങൾക്ക് മറുപടി നൽകാൻ ഗാന്ധിജിക്ക് ആകാതെ വന്നപ്പോൾ സമരാനുകൂലികൾ സന്യാസിയായ *ആഗമാനന്ദനെ* കൊണ്ടുവന്നു. ആഗമാനന്ദനാകട്ടെ പൂർവ്വാശ്രമത്തിൽ കരുനാഗപ്പള്ളി *പുതുമന ഇല്ലത്തെ കൃഷ്ണൻ നമ്പ്യാതിരി* ആയിരുന്നു. മഹാ പണ്ഡിതനായ ആഗമാനന്ദൻ വേദ വേദാന്ത സ്മൃതികൾ തന്നെ ഉദ്ധരിച്ചു കൊണ്ട് ഇണ്ടൻ തുരുത്തിയുമായി കൊമ്പുകോർത്തു. അവസാനം ആഗമാനന്ദൻ ജയിച്ചു. ഗാന്ധിജിക്ക് വളരെ സന്തോഷമായി. അവർണ്ണരുടെ വഴി നടക്കാനുള്ള അവകാശത്തെ എതിർത്തവരുടെ വക്കീലായി മാത്രം ചുമതലയേറ്റ  ഇണ്ടൻ തുരുത്തി നമ്പ്യാതിരി മാത്രം അവസാനം വില്ലനായി ചിത്രീകരിക്കപ്പെട്ടു . വക്കാലത്ത് ഏറ്റെടുത്തണമെന്ന് ആവശ്യപ്പെട്ടു വന്നവർ അപ്രത്യക്ഷമായി. ചരിത്രത്തിൽ തെരഞ്ഞിട്ടും അവരെ കിട്ടിയില്ല. *ഇപ്പോൾ പ്രതിസ്ഥാനത്ത് ഇണ്ടൻ തുരുത്തി നമ്പ്യാതിരി മാത്രം.* ചരിത്രത്തിലെ രസകരമായ ഒരു സംഭവമാണിത്.


ഇനി അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ഇതിനു വേണ്ടി പോരാടിയ മന്നത്ത് പദ്മനാഭനെപ്പോലെയുള്ള നേതാക്കൾക്കൊപ്പം അനേകം നമ്പൂതിരിമാരും ഉണ്ടായിരുന്നു എന്നുള്ളതാണ് രസം .  കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും മറ്റും ഇതിലെ പ്രമുഖരാണ്.


 *വൈക്കം സത്യാഗ്രഹത്തിന്റെ ക്ലൈമാക്സ് യഥാർത്ഥത്തിൽ ഇണ്ടൻ തുരുത്തി മനയിലെ ചർച്ചയായിരുന്നു* . *രണ്ട് ബ്രാഹ്മണർ വേദ വേദാന്തങ്ങളും സ്മൃതികളും ഉദ്ധരിച്ചു കൊണ്ട് ഏറ്റുമുട്ടുന്നു. അതിൽ അവർണ്ണർക്ക് വേണ്ടി നിലകൊണ്ട ആഗമാനന്ദൻ എന്ന ബ്രാഹ്മണൻ വിജയിക്കുന്നു. അങ്ങനെ സത്യാഗ്രഹവും വിജയിക്കുന്നു. പക്ഷേ ഇതിന് കാരണക്കാരനായ ആഗമാനന്ദനെ എല്ലാവരും മറക്കുന്നു. അല്ലെങ്കിൽ തമസ്കരിക്കുന്നു. എന്നാൽ ഒരു വക്കീലിനെപ്പോലെ എതിർ ഭാഗത്തിന് വേണ്ടി വാദിച്ച ഇണ്ടൻ തുരുത്തി നമ്പ്യാതിരി വില്ലനാക്കപ്പെടുന്നു. ഒപ്പം നമ്പൂതിരി സമുദായത്തേയും* .


1936 ൽ അതായത് വൈക്കം സത്യാഗ്രഹത്തിന് ശേഷം ഉദ്ദേശം ഒരു വ്യാഴവട്ടം കഴിഞ്ഞാണ് തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കുന്നത് . ഇതുവഴി തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളിലും അവർണ്ണർക്ക് പ്രവേശനം നൽകുന്നു.

 ഇതിൽ നിന്നും ഒരു കാര്യം വ്യക്തം. ഇണ്ടൻ തുരുത്തിക്കായിരുന്നില്ല ക്ഷേത്ര പ്രവേശനത്തിനുള്ള അധികാരം മറിച്ച് അത് തിരുവിതാംകൂർ രാജാവിനായിരുന്നു. അപ്പോൾ നമ്പ്യാതിരി വിചാരിച്ചാലും അന്ന് ക്ഷേത്ര പ്രവേശനം നടക്കില്ലായിരുന്നു എന്ന കാര്യം വ്യക്തം . എന്നിട്ടും അദ്ദേഹം വില്ലനാക്കപ്പെട്ടു.


ഇനിയാണ് രസകരമായ ഒരു കാര്യം നടക്കുന്നത്. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം 1936 ൽ തന്നെ നടപ്പാക്കിയെങ്കിലും കൊച്ചീരാജാവ് ഇതിന് തയ്യാറായില്ല. 

എന്നാൽ  ഇടപ്പള്ളി നമ്പ്യാതിരിയും കൂറുർ നമ്പൂതിരിപ്പാടും അവരുടെ കീഴിലുണ്ടായിരുന്ന എല്ലാ ക്ഷേത്രങ്ങളും പിന്നോക്ക ദളിതന്മാർക്കായി തുറന്നു കൊടുത്തു. അവസാനം ഗത്യന്തരമില്ലാതെയാണ് കൊച്ചീരാജ്യത്ത് ക്ഷേത്ര പ്രവേശനം അനുവദിച്ചത്. അതും 1939 ൽ .


നോക്കൂ രാജാക്കന്മാർ സ്വീകരിക്കുന്നതിനും വളരെ മുമ്പേ തന്നെ പുരോഗമനപരമായ നിലപാടുകൾ സ്വീകരിച്ച ധാരാളം നമ്പൂതിരിമാരുണ്ടായിരുന്നെങ്കിലും അവരുടെയൊക്കെ പുരോഗമന നിലപാടുകൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നില്ല.


വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തിലെ മുഖ്യ വില്ലനായി ഇണ്ടൻ തുരുത്തിയെ ചിത്രീകരിച്ചത് പോലെ ഈ സമുദായത്തെ മുഴുവൻ വില്ലനാക്കിക്കൊണ്ടായിരിക്കും ഇനി ലേഖന പരമ്പരകൾ വരാൻ പോകുന്നത്. ആരെങ്കിലും ചരിത്രം പറഞ്ഞ് തളയ്ക്കാൻ വന്നാൽ ഇക്കാര്യങ്ങൾ അവരെ ഓർമ്മിപ്പിക്കുക. 

നമ്പൂതിരിമാർക്ക് ശുദ്ധ വൃത്തികൾ ഉണ്ടെങ്കിലും സമൂഹത്തെ എന്നും കൂടെ നിർത്തിയിരുന്നവരാണിവർ എന്ന് ധൈര്യത്തോടെ പറയുക.


റ്റി ജെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി - ഓച്ചിറ

🙏

Comments

Popular posts from this blog

സ്വപ്ന വാസവദത്തം ആദ്യ മലയാള പരിഭാഷ

Kantaloor Sala Paper presented at National history conference DHANUVACHAPURAM NSS college Thiruvanathapuram 3/3/2023